04:35am 21 September 2026
NEWS
രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനമെന്ന് പരാതി; രണ്ട് പാസ്റ്റർമാർ അറസ്റ്റിൽ
12/04/2026  02:16 PM IST
nila
രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനമെന്ന് പരാതി; രണ്ട് പാസ്റ്റർമാർ അറസ്റ്റിൽ

 

ഭോപ്പാൽ: രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചെന്ന പരാതിയിൽ രണ്ടു പാസ്റ്റർമാർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. പെന്തക്കോസ്ത് പാസ്റ്റർമാരായ ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്. ബജ്റംഗദൾ പ്രവർത്തകൻ ബ്രിജേഷ് ബൈരാഗി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 

ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങൾ പ്രാർത്ഥനയിലൂടെ ഭേദമാക്കാമെന്ന് വാ​ഗ്ദാനം ചെയ്താണ് ഇവർ രോ​ഗശാന്തി ശുശ്രൂഷ നടത്തിയിരുന്നത് എന്ന് പരാതിക്കാരൻ ആരോപിക്കുന്നു. രോ​ഗം ഭേദമാക്കുമെന്ന് വിശ്വസിപ്പിച്ച് ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചതായും ബ്രിജേഷ് ബൈരാഗി പരാതിയിൽ പറയുന്നു. ദരിദ്രരായ ആദിവാസികൾക്ക് മെച്ചപ്പെട്ട ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തുവെന്നും പരാതിക്കാരൻ ആരോപിക്കുന്നു. കൂടാതെ, പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തവർക്ക് വലിയ അളവിൽ ഇറച്ചിയും കോഴിയിറച്ചിയും നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. 

മതപരിവർത്തനത്തിന് തയ്യാറാകാത്തവർക്ക് രോഗശാന്തി ലഭിക്കില്ലെന്നും അവർ നിത്യകാലം നരകയാതന അനുഭവിക്കേണ്ടി വരുമെന്നും പാസ്റ്റർമാർ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരൻ ആരോപിച്ചു. മതം മാറിയാലും പേരോ ജാതിയോ മാറ്റേണ്ടതില്ലെന്നും അതിനാൽ സർക്കാർ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കുമെന്നും ഇവർ ഗ്രാമീണരെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് ആരോപണം. മോഹൻപൂർ കൂർത്ത് ഗ്രാമത്തിലെ ഒരു താൽക്കാലിക പന്തലിൽ വെച്ചാണ് സംഭവം നടന്നത്. ഈ പ്രാർത്ഥനാ യോഗത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇവയും സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്ത വസ്തുക്കളും പോലീസ് തെളിവായി സ്വീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും ഇതിന് പിന്നിൽ വലിയൊരു ശൃംഖല പ്രവർത്തിക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പാസ്റ്റർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതെന്ന് ഗുണ പോലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img